Friday, March 21, 2014

ശവപ്പറമ്പിലെ ഒറ്റപ്പൂവ്

വീണ്ടും അതേ റോഡ്... അവന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

ബസ് സ്റ്റാന്‍ഡില്‍ നിന്നും വാങ്ങിയ പത്രം ഒന്നുകൂടി നിവര്‍ത്തി തന്റെ പേര് ഉള്‍പ്പെട്ട വാര്‍ത്ത നോക്കി- "വിസ തട്ടിപ്പിനിരയായ പ്രവാസികളെ ഇന്‍ഡ്യയിലേക്ക് തിരിച്ചയച്ചു."

കണ്ണുകള്‍ വീണ്ടും ദൂരെയ്ക്ക് പായിച്ചു, രണ്ടു വര്‍ഷം മുന്‍പ് ഇതേ റോഡിലൂടെ എതിര്‍ദിശയില്‍ പോകുമ്പോള്‍ മനസില്‍ താന്‍ താലോലിച്ച പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഓര്‍ത്തു. ഉള്ളിലെവിടെനിന്നോ തുടങ്ങിയ നെടുവീര്‍പ്പിന്റെ അലകള്‍ പതിയെ മുഖത്തേയ്ക്ക് വീശുന്ന കാറ്റിന്റെ ഭാഗമായി പിന്നിലേക്ക് അകന്ന്‍ പോകുന്നത് അവന്‍ അറിഞ്ഞു.

അന്നും ഈ റോഡ് തനിക്ക് പുതിയതായിരുന്നില്ല. തന്റെ മനസ്സിനോട് വല്ലാതെ ചേര്‍ന്ന് നിന്നിരുന്നതാണ് ആ റോഡിലൂടെ വര്‍ഷങ്ങളോളം ദൈനംദിനം താന്‍ നടത്തിയ ബസ് യാത്രകള്‍. തന്റെ സ്ഥിരം സ്ഥാനമായ, ഇടതുവശത്ത് മുന്നില്‍ നിന്നും നാലാമത്തെ സൈഡ് സീറ്റില്‍ ഒന്നര മണിക്കൂര്‍ ചെലവിട്ട് കോളേജിലേക്കും തിരിച്ചും ദിവസം രണ്ട് യാത്രകള്‍. മറ്റ് സ്ഥിരം യാത്രക്കാരോട് ഒരു കൊച്ചു ചിരിയ്ക്കപ്പുറം അടുപ്പമൊന്നും ഉണ്ടായിരുന്നില്ല എങ്കിലും, വഴിയില്‍ മനസ്സ് അറിയാതെ അടുത്തുപോയ ചിലതൊക്കെ ഉണ്ടായിരുന്നു. അങ്ങനെയൊന്നാണ് സ്ഥിരമായ ഇടത് വശത്തെ സീറ്റ് എന്ന പതിവിനെ കോളേജിലേക്കുള്ള യാത്രയില്‍ വലതുവശത്തും തിരിച്ചുള്ള യാത്രയില്‍ ഇടതുവശത്തും എന്ന പതിവിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്.

വഴിയില്‍ ഒരിക്കല്‍ യാദൃശ്ചികമായ ശ്രദ്ധയാകര്‍ഷിച്ച ആ വാഹനക്കൂട്ടത്തോട് എന്തോ ഒരടുപ്പം. അത് പോലീസ് കേസില്‍ പെടുന്ന വാഹനങ്ങളെ കൊണ്ട് പാര്‍ക്ക് ചെയ്യാന്‍ അവര്‍ ഉപയോഗിച്ചിരുന്ന ഒരു ചെറിയ മൈതാനമായിരുന്നു. ഒരു ശവപ്പറമ്പിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു തനിക്കാ സ്ഥലം. ചെറുതും വലുതുമായ നിരവധി വാഹനശവങ്ങള്‍ തുരുമ്പിന്റെയും കാട്ടുവള്ളികളുടെയും മുറുകെപ്പിടിത്തത്തില്‍ ഞെരിഞ്ഞു അവിടെയങ്ങനെ കിടന്നു. കൂട്ടത്തില്‍ തന്റെ അച്ഛന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതുപോലുള്ള ഒരു പഴയ ലാമ്പി ആയിരിക്കുമോ തന്റെ മനസ്സിനെ ആ സ്ഥലത്തേയ്ക്ക് വലിക്കുന്നത് എന്നത് എന്നും ഒരു സംശയം മാത്രമായി നിലനിന്നിരുന്നു. ചിലപ്പോഴൊക്കെ ഇങ്ങനെ കാരണമറിയാത്ത വേറെയും പല ഇഷ്ടങ്ങളും തനിക്കുണ്ടല്ലോ എന്നോര്‍ത്തു സ്വയം താനതിന്റെ വിശദീകരണത്തില്‍ നിന്നും ഓടിമാറിയിരുന്നു. വാഹനങ്ങളുടെ ആ ശ്മശാനം ചിലപ്പോഴൊക്കെ വരണ്ടുകിടക്കുന്ന തന്റെ ജീവിതത്തിന്റെ പ്രതീകമായി തോന്നിയിരുന്നു. ബസിന്റെ സൈഡ് സീറ്റില്‍ പുറത്തേക്ക് നോക്കിയിരുന്ന് വിഷാദത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാന്‍ തന്റെ മനസിനുണ്ടായിരുന്ന പ്രവണതയെ ആ സ്ഥലം വല്ലാതെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടുകൂടിയാണ് സ്ഥിരമായി ആ സ്ഥലം കാണാനുള്ള സൌകര്യത്തിന് തന്റെ സീറ്റ് തെരെഞ്ഞെടുപ്പ് താന്‍ പുനക്രമീകരിച്ചത് തന്നെ.

അങ്ങനെയൊരിക്കലാണ് ആ ശവപ്പറമ്പിന്റെ മ്ലാനതയില്‍ ഒരു കൊച്ചു പൂവ് വിരിയുന്നത് ശ്രദ്ധിച്ചത്. അവിടന്ന്‍ ഒരല്പം മാറി ഒരു വീടിന് മുന്നില്‍ നിന്ന്‍ തന്നെ ശ്രദ്ധിക്കുന്ന ഒരു പെണ്‍കുട്ടി. ആദ്യത്തെ കാഴ്ചയില്‍ തന്നെ ഒരല്പം ആകര്‍ഷണീയത തോന്നിച്ചു എങ്കിലും, തന്റെ ശവപ്പറമ്പിനേക്കാള്‍ പ്രധാന്യം മനസ്സ് അവള്‍ക്ക് കൊടുത്തിരുന്നില്ല. രണ്ടുമൂന്ന് തവണ കൂടി അവളെ കണ്ടശേഷമാണ് എങ്ങനെയോ അവള്‍ക്ക് പ്രധാന്യം കൂടിവരുന്നത് താന്‍ ശ്രദ്ധിച്ചത്. അവളും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന്‍ തോന്നി. അല്ലെങ്കില്‍ പിന്നെന്തിനാണ് പണ്ടൊക്കെ വല്ലപ്പോഴും മാത്രം അവിടെ കാണപ്പെട്ടിരുന്ന അവള്‍ ഈയിടെയായി സ്ഥിരമായി തന്റെ ബസിനെ നോക്കി ആ മതിലിന്റെ അരികില്‍ നില്‍ക്കുന്നത്! അധികം വൈകാതെ ഒരു ദിവസം അവള്‍ തന്നെ നോക്കി ചിരിച്ചു. എന്തുകൊണ്ടെന്നറിയില്ല, താന്‍ തിരികെ ചിരിച്ചില്ല. പിറ്റേന്നും അവിടെ അവള്‍ നിന്നിരുന്നു. മുഖത്ത് ചിരിക്കണോ വേണ്ടയോ എന്നൊരു സംശയം ഉണ്ടായിരുന്നു. അതോ അത് തന്റെ തോന്നല്‍ മാത്രമായിരുന്നോ എന്നുറപ്പില്ല. എന്തായാലും അതിന്റെ പിറ്റേന്ന് താന്‍ അവളെ നോക്കി ചിരിച്ചു. സംശയിച്ചു നിന്ന ആ മുഖത്ത് പെട്ടന്നൊരു മനോഹരമായ പുഞ്ചിരി പൂത്തുലയുന്നത് കണ്ടപ്പോ കഴിഞ്ഞദിവസം അവള്‍ക്ക് മറുചിരി ചിരിക്കാഞ്ഞതില്‍ ഒരല്‍പ്പം പശ്ചാത്താപവും തോന്നാതിരുന്നില്ല. എന്തായാലും അതിന് ശേഷം സ്ഥിരമായി തങ്ങള്‍ പുഞ്ചിരികള്‍ കൈമാറിയിരുന്നു. എപ്പോഴോ ശവപ്പറമ്പില്‍ വിരിഞ്ഞ ആ പൂവ് വാഹനജഡങ്ങള്‍ നല്കിയിരുന്ന വിഷാദഛായയെ അകറ്റി ഒരു നേര്‍ത്ത സന്തോഷം മനസ്സില്‍ നിറയ്ക്കുന്നത് തിരിച്ചറിഞ്ഞു.

പരസ്പരം നിമിഷനേരത്തേയ്ക്ക് വീശിയെറിയപ്പെട്ടിരുന്ന പുഞ്ചിരികളുമായി കുറെ മാസങ്ങള്‍... കോളേജ് പഠനം അവസാനിച്ചതും അകന്ന ബന്ധു വഴി വിദേശജോലിയ്ക്കുള്ള അവസരം വന്നതും ഏതാണ്ട് ഒരുമിച്ച്. അന്ന് ഇതേ റോഡിലൂടെ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ശ്രദ്ധിച്ചു, ആ ശവപ്പറമ്പില്‍ കിടന്ന വാഹനജഡങ്ങള്‍ എല്ലാം കൂടി ഒരു ലോറിയില്‍ കയറ്റി ഇട്ടിരിക്കുന്ന കാഴ്ച. തന്നോടൊപ്പം ആ ജീവനില്ലാത്ത ജന്‍മങ്ങള്‍ക്കും ശാപമോക്ഷം കിട്ടുന്നു, ശ്മശാനം വിട്ട് മറ്റെവിടേക്കെങ്കിലും മറ്റേതെങ്കിലും രൂപത്തില്‍... ഒരുപക്ഷേ ഒരു പുനര്‍ജന്മം... വരണ്ടുണങ്ങിയ തന്റെ ജീവിതത്തിലേക്ക് പെയ്ത നനുത്ത മഴയുടെ ഒരംശം ഒരുപക്ഷേ ഇവകള്‍ക്ക് മേലെയും പെയ്തിരിക്കാം. അവരും ഉണരുകയാകാം, പുതിയ പ്രതീക്ഷകളിലേക്ക്. പക്ഷേ അന്ന് അവള്‍ ആ മതിലിനരികില്‍ ഉണ്ടായിരുന്നില്ല. ആ അസാന്നിധ്യം അല്പമൊന്നു നൊമ്പരപ്പെടുത്തി എങ്കിലും മനസ്സില്‍ ചിലതൊക്കെ തീരുമാനിച്ചുറപ്പിക്കാന്‍ ആ നൊമ്പരം കാരണമായി. പ്രതീക്ഷകള്‍ തീരുമാനങ്ങള്‍ക്ക് ധൈര്യം നല്‍കുമെന്നാരോ പറഞ്ഞുകേട്ടിരുന്നു. 

ബസ്സില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആരോ ആണ് അവനെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. മനപ്പൂര്‍വമല്ലെങ്കില്‍ കൂടി ഇത്തവണയും ബസ്സില്‍ അതേ വശം തന്നെയാണ് താന്‍ തെരെഞ്ഞെടുത്തിരിക്കുന്നത്. വീണ്ടും പഴയ ശവപ്പറമ്പിനെയും ഒറ്റപ്പുഷ്പം വിടര്‍ന്നുനിന്ന ആ പൂന്തോട്ടത്തെയും കടന്നുപോകാന്‍ പോകുന്നു എന്ന ചിന്ത എന്തൊക്കെയോ അജ്ഞാത വികാരങ്ങളെ മനസിലേക്ക് തള്ളിക്കയറ്റുന്നുണ്ടായിരുന്നു.

മങ്ങിത്തുടങ്ങിയ സന്ധ്യയുടെ അവ്യക്തതയിലൂടെ അവനത് ദൂരെനിന്നേ കണ്ടു, അവളുടെ വീടിന് മുന്നില്‍ അലങ്കാര ദീപങ്ങള്‍... ആളുകള്‍ വന്നുപോകുന്ന പന്തലില്‍ നിന്നും ദൂരെയ്ക്ക് പടര്‍ന്നുകൊണ്ടിരുന്ന വൈദ്യുത ദീപപ്രഭയില്‍ അവന്‍ അതും കണ്ടു... ആ പഴയ ശവപ്പറമ്പില്‍ ചില അതിഥികള്‍ കൂടി ഉണ്ട്. അവയില്‍ ഒന്ന്‍ താന്‍ അവസാനം കണ്ട ആ വലിയ ലോറി തന്നെയാണ്. അതും അതിന് മുകളില്‍ ആ പഴയ ലാമ്പിയും കൂട്ടുകാരും വീണ്ടും കാട്ടുചെടികളുടെ ആലിംഗനത്തില്‍ അമര്‍ന്നങ്ങനെ...

അലങ്കാരദീപങ്ങള്‍ കണ്ണില്‍ നിന്ന്‍ മറയുന്നതുവരെ അവന്‍ പിന്നിലേക്ക് നോക്കി ഇരുന്നു.

No comments:

Post a Comment