Tuesday, March 4, 2014

നര വീണ നൊമ്പരങ്ങള്‍...

"ഇതെന്നതാ പതിവില്ലാതെ ഒരാലോചന? അതും കൊതുകുകടിയും കൊണ്ട് ഈ മൂലയില്‍ വന്നിരുന്നോണ്ട്..."

ആ ചോദ്യമാണ് എനിക്കു സ്ഥലകാലബോധം ഉണ്ടാക്കിയത്. ഗ്രേസി ടീച്ചര്‍ അവരുടെ ആശുപത്രി വാസം കഴിഞ്ഞു മടങ്ങിവന്നിരിക്കുന്നു.

"ഇപ്പോ എങ്ങനുണ്ട്? ആശുപത്രിയില് വന്നില്ല എന്നേയുള്ളൂ, കാര്യങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു"

"ഓഹ് ഇതൊക്കെ ഒരു അടവല്ലേ! എന്റെ ചെറുക്കനെ എന്റെ അടുത്തോട്ട് വരുത്താനുള്ള ഒരു കൊച്ചു ട്രിക്ക്. അവനേം കണ്ടു, പേരക്കുട്ടികളേം കണ്ടു, ഈ മാസത്തെ ക്വോട്ട കഴിഞ്ഞു"- വര്‍ദ്ധക്യത്തിലും നഷ്ടപ്പെട്ടിട്ടില്ലാത്ത കുട്ടിത്തം നിറഞ്ഞ ചിരിയുമായി ഗ്രേസി എന്റെയടുത്ത് വന്നിരുന്നു. "നായരുടെ മോള്‍ ഇന്നലെ വന്നിരുന്നു എന്ന്‍ കേട്ടല്ലോ. അതിന്റെയാന്നോ ഈ ആലോചന?"

ഞാനൊന്ന്‍ മൂളി. ഗ്രേസി എനിക്കെതിരെ അലക്കുകല്ലില്‍ വന്നിരുന്ന് എന്റെ മുഖത്തേയ്ക്ക് നോക്കി.

"അല്ലാ ടീച്ചറേ, നമ്മുക്കിവിടെ എന്തിന്റെ കുറവാ ഉള്ളത്?" -ഞാന്‍ അവരോട് ചോദിച്ചു.

ഗ്രേസിയുടെ മുഖത്ത് വീണ്ടും ആ കള്ളച്ചിരി തെളിഞ്ഞു- "ആഹാ! അപ്പോ ചില്ലറ ആലോചനയൊന്നും അല്ല. കുറേയേറെ ചിന്തിച്ച് കൂട്ടിക്കഴിഞ്ഞ ലക്ഷണമാണല്ലോ കാണുന്നത്. രണ്ട് അറ്റാക്ക് കഴിഞ്ഞ ഈ നെഞ്ചത്ത് ഏതോ ഒരുഗ്രന്‍ ഏറുപടക്കം എറിഞ്ഞ് പൊട്ടിച്ചിട്ടാണ് ഇന്നലെ മോള് പോയത് അല്ല്യോ?"

"ഇന്നലെ ഈ ചോദ്യം അവള്‍ എന്നോടു ചോദിച്ചു, അച്ഛന് ഇവിടെ എന്തിന്റെ കുറവാ ഉള്ളത് എന്ന്‍. ഉണ്ണാനും ഉടുക്കാനും ഉള്ളത് കൃത്യസമയത്ത്, ടീവീ, പത്രം, പരിചരിക്കാന്‍ ആളുകള്‍, വര്‍ത്തമാനം പറയാന്‍ സമപ്രായക്കാരായ അമ്മാവന്മാരും അമ്മായിമാരും... ലിസ്റ്റ് അവള്‍ തന്നെ ഇങ്ങോട്ട് നീട്ടി"

"അപ്പനമ്മമാരെ വയസ്സാം കാലത്ത് ഏതെങ്കിലുമൊരു വൃദ്ധസദനത്തില്‍ കൊണ്ടുചെന്നാക്കിയിട്ട് ഏതാണ്ട് എല്ലാ മക്കളും ചോദിക്കുന്ന ചോദ്യമല്ലേ നായരെ അത്?"

"അതേ ശരിയാണ്. പക്ഷേ ടീച്ചറേ, ആയകാലത്ത് ഇതേ ചോദ്യം ഞാന്‍ അവളോട് ചോദിച്ചിട്ടുണ്ട്. പല തവണ. നിനക്കീ വീട്ടില്‍ എന്താ കുറവ് എന്ന്. ഏതാണ്ട് ഇതേപോലൊരു ലിസ്റ്റ് എനിക്കും ഉണ്ടായിരുന്നു കാണിക്കാന്‍. ഉണ്ണാനും ഉടുക്കാനും സമയാസമയത്ത്, ടീവീ, പത്രം, ഫോണ്‍, കമ്പ്യൂട്ടര്‍, പഠിക്കാന്‍ പുസ്തകങ്ങള്‍..." ഒരുനിമിഷത്തെ മൌനത്തിന് ശേഷം ഞാന്‍ തുടര്‍ന്നു, "ഇപ്പോ ആലോചിക്കുമ്പോ ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഒരേ അര്‍ത്ഥമല്ലേ എന്നൊരു തോന്നല്‍. ഇന്ന്‍ ഈ വൃദ്ധമന്ദിരത്തില്‍ എനിക്ക് മിസ്സിംഗ് എന്ന്‍ തോന്നുന്നത് എന്തൊക്കെയോ അന്ന് എന്റെയാ വീട്ടില്‍ എന്റെ മകള്‍ക്കും മിസ്സിംഗ് ആയിരുന്നു എന്നൊരു തിരിച്ചറിവ്"

ഞാന്‍ ഗ്രേസിയുടെ മുഖത്തേയ്ക്ക് നോക്കി. അല്പനേരം മുന്‍പ് വരെ ആ മുഖത്ത് നിന്നിരുന്ന കുസൃതി മാറി ഗൌരവമുള്ള ഒരു ചിരി തെളിഞ്ഞു.

"ഞാനിത് മുന്‍പ് പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. ഇവിടെ ആരോടും ചര്‍ച്ച ചെയ്യാന്‍ തുനിഞ്ഞിട്ടില്ല എന്നേയുള്ളൂ. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സ്വന്തം മക്കള്‍ തങ്ങളോടു നന്ദികേട് കാണിച്ചു എന്ന്‍ മനസില്‍ ഉറച്ചു വിശ്വസിക്കുന്നവരാണ് ഇവിടത്തെ എല്ലാ അന്തേവാസികളും. തങ്ങളെക്കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു സിദ്ധാന്തത്തെയും നമ്മുടെ മനസ് അത്ര എളുപ്പത്തില്‍ പരിഗണിക്കില്ല. വര്‍ദ്ധക്യത്തിന്റെ തമാശകളില്‍ ഒന്ന്‍. ഇത്രനാളും വിശ്വസിച്ചതൊക്കെ തന്നെയാണ് ശരി എന്നത് വാശിപിടിക്കും. ഒരു പൊളിച്ചെഴുത്തിനെ എപ്പോഴും ചെറുക്കും. ഇത്രയൊക്കെ പഠിപ്പും ലോകവിവരവും ഉള്ള എന്റെയും രാഘവന്‍ നായരുടെയും അവസ്ഥ ഇതാണെങ്കില്‍ ഇവിടുള്ള മറ്റുള്ളവരുടെ കാര്യം പറയണോ? വയസ്സുകാലത്ത് തങ്ങളെ ഉപേക്ഷിച്ച മക്കളോടുള്ള പരിഭവവും അതേ സമയം അവരോടുള്ള സ്നേഹവും ഒക്കെച്ചേര്‍ന്ന് ആകെ ഇളകിമറിഞ്ഞ ഒരു മനസുമായി മരിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടെ എല്ലാവരും..."

"ശരിക്കും... ആ ചോദ്യം അവള്‍ എന്നോടു ചോദിച്ചപ്പോള്‍ മനസില്‍ എവിടെയോ ഒരു തീപ്പൊരി വീണത് ഞാനറിഞ്ഞു. അവള്‍ പോയതുമുതല്‍ അതവിടെ കിടന്ന്‍ നീറുന്നുണ്ട്"

"നമ്മള്‍ സ്നേഹിക്കുന്ന ആളുകളെ നമ്മോടു കൂടെ നിര്‍ത്താനല്ലേ നായരെ ഏതൊരാളും ശ്രമിയ്ക്കൂ. നമ്മുടെ മക്കള്‍ നമ്മളെ ഇവിടെ കൊണ്ടുവന്നാക്കിയെങ്കില്‍ അവര്‍ക്ക് നമ്മളോട് അത്ര സ്നേഹമേ ഉള്ളൂ എന്നര്‍ത്ഥം. ഒരു കണക്കില്‍ അത് നമ്മുടെ കൂടി പരാജയമല്ലേ. സ്നേഹം ചോദിച്ച് വാങ്ങാന്‍ പറ്റില്ലല്ലോ, അവര്‍ക്ക് കൂടി തോന്നേണ്ടതല്ലേ? അവരുടെ ജീവിതത്തില്‍ നമ്മുടെ പ്രധാന്യം ബോധ്യപ്പെടുത്താന്‍ നമ്മള്‍ പരാജയപ്പെട്ടു"

"അതുതന്നെയാണ് ഞാനും ഇപ്പോ ചിന്തിച്ചത്. ഞാന്‍ സ്ഥിരമായി എന്റെ മോളോട് ചോദിച്ചിരുന്ന അതേ ചോദ്യം ഇന്നവള്‍ എന്നോട് ചോദിച്ചപ്പോഴാണ് അതിന്റെ ആഴം എനിക്ക് മനസിലായത്. അവരുടെ ഭൌതിക ആവശ്യങ്ങള്‍ മുടക്കില്ലാതെ സാധിച്ചുകൊടുത്ത് മക്കളോട് സ്നേഹം കാണിക്കാനുള്ള രീതി എന്ന്‍ ഞാനന്ന്‍ വിശ്വസിച്ചിരുന്നു. അതിന്റെയൊക്കെ കണക്ക് ഇടക്കിടെ ഓര്‍മ്മിപ്പിച്ചാണ് ആ സ്നേഹം തിരിച്ചുപിടിക്കേണ്ടത് എന്നും. ഇന്നിപ്പോ ദാരിദ്ര്യത്തില്‍ ജനിച്ചുവളര്‍ന്നവര്‍ പോലും അതേ ദാരിദ്ര്യത്തിന് നടുവില്‍ സ്വന്തം അച്ഛനമ്മമാരെ കൂടെ നിര്‍ത്തുന്നത് കാണുമ്പോള്‍... ഞാന്‍ കൊടുക്കാത്തത് എന്തൊക്കെയോ, ദാരിദ്ര്യത്തിന്റെ നടുവിലും സ്വന്തം മക്കള്‍ക്ക് നല്കാന്‍ ആ അച്ഛനമ്മമാര്‍ക്കു കഴിഞ്ഞിരിക്കണം. ഒരുപക്ഷേ അവര്‍ കൂടുതല്‍ വിലമതിക്കുന്ന എന്തോ ഒന്ന്‍... ടീച്ചര്‍ പറഞ്ഞപോലെ, നമ്മള്‍ നമ്മുടെ സ്നേഹം കാണിച്ച രീതി എവിടെയോ പിഴച്ചുപോയി"

"എന്റെ കാര്യത്തില്‍ പിഴച്ചത് എവിടെയാണെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു നായരേ. ആര് ജയിക്കും ആര് ജയിക്കും എന്ന്‍ ഞാനും അലക്സിച്ചായനും കൂടി മത്സരിക്കുന്നതിന്റെ ഇടയ്ക്ക് പോളിന്റെയും ആനീടെയും കാര്യം ഞങ്ങള്‍ക്ക് ശ്രദ്ധിയ്ക്കാന്‍ സമയം കിട്ടിയിരുന്നില്ല. നായര് പറഞ്ഞപോലെ അവര്‍ക്ക് ഉണ്ണാനും ഉടുക്കാനും കൃത്യമായി കിട്ടുന്നുണ്ടല്ലോ എന്നാണ് ഞാനും ഒരുപക്ഷേ അലക്സിയും അന്ന് ചിന്തിച്ചത്. വീട്ടിലെ നിലയ്ക്കാത്ത യുദ്ധത്തെക്കുറിച്ച് പോള് ചോദിച്ചപ്പോള്‍, ഞങ്ങള്‍ വഴക്കിടുന്നതിന് നിങ്ങള്‍ക്കെന്താ കുഴപ്പം എന്നുപോലും ഞാനവനോട് തിരിച്ചു ചോദിച്ചിട്ടുണ്ട്. ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ തത്കാലത്തെ വികാരം ശമിപ്പിക്കാന്‍ നോക്കുമ്പോ പിന്നീട് പിള്ളേരുണ്ടാവുമെന്നും അവര്‍ക്ക് മുന്നോട്ട് നീണ്ടുകിടക്കുന്ന ഒരു ജീവിതമുണ്ടാകുമെന്നും ഓര്‍ക്കണമായിരുന്നു എന്ന്‍ എന്റെ മോള് അവളുടെ ഇരുപതാമത്തെ വയസ്സില്‍ എന്റെ മുഖത്തുനോക്കി പറഞ്ഞ ദിവസമാണ് എന്റെ ധാരണകള്‍ ആകെ പിഴച്ചുപോയിരുന്നു എന്നു ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞത്. അപ്പോഴേയ്ക്കും എല്ലാം കൈവിട്ടുപോയിരുന്നു. എന്നിട്ടുപോലും ഞാനും അലക്സിയും പരസ്പരം മത്സരിച്ചിട്ടേ ഉള്ളൂ എന്നതാണ് സത്യം... എന്തിനായിരുന്നു ആ മത്സരങ്ങള്‍ എന്ന്‍ സത്യം പറഞ്ഞാല്‍ ഇന്നും എനിക്കറിയില്ല... പക്ഷേ ഒന്നെനിക്ക് ഉറപ്പുണ്ട്, എന്നെപ്പോലെ അലക്സിയും മക്കളെ വല്ലാതെ സ്നേഹിച്ചിരുന്നു. പക്ഷേ അത് അവരോടു കണ്‍വേ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പിഴച്ചുപോയി. അത് തിരിച്ചറിയും മുന്നേ അലക്സി അങ്ങ് പോകേം ചെയ്തു..." ഗ്രേസി ഒന്ന്‍ നെടുവീര്‍പ്പിട്ടു.

"ഇനിയിപ്പോ ഒന്നിനെയും തിരിച്ചുപിടിക്കാന്‍ പറ്റില്ലല്ലോ..." മനസ്സിലെവിടെയോ നിരാശ ഇഴഞ്ഞുകയറുന്നത് ഞാന്‍ അറിഞ്ഞു. അതു മനസിലാക്കിയിട്ടാകണം, അല്പം മുന്‍പ് ഉപേക്ഷിച്ച ആ കുസൃതിച്ചിരി തിരിച്ചെടുത്തുകൊണ്ട് ഗ്രേസി പറഞ്ഞു,

"ഇനീപ്പോ നിങ്ങളെന്തിനാ നായരെ അതൊക്കെ തിരിച്ചുപിടിക്കാന്‍ മെനക്കെടുന്നത്? നിങ്ങടെ മോള് പറഞ്ഞപോലെ, നമുക്കിവിടെ എന്നതാ ഒരു കുറവ്? ദേ ടീവീല് സീരിയല് തുടങ്ങിക്കാണും. നമുക്കതിന്റെ മുന്നീപ്പോയിരുന്ന് പത്ത് കുറ്റം കണ്ടുപിടിക്കാം. വന്നേ"

No comments:

Post a Comment