Wednesday, January 12, 2011
അഹങ്കാരം ഒരു ദുര്‍ഗുണമോ?
പൊതുവേ സമൂഹത്തില്‍ ഇകഴ്ത്തപ്പെടുന്ന ഒരു സംഗതിയാണ് അഹങ്കാരം. ഒരാള്‍ അല്പം തന്നിഷ്ടം കാണിച്ചാല്‍, മറ്റുള്ളവരുടെ വാക്കിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നാല്‍, അല്പം കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചാല്‍ ...അങ്ങനെ പലപ്പോഴും സമൂഹം അവനെ 'അഹങ്കാരി' എന്ന് വിളിച്ചു കുറ്റപ്പെടുത്താറണ്ട് . പക്ഷെ ഒരാള്‍ അഹങ്കാരിയായാല്‍ അത് സത്യത്തില്‍ മറ്റുള്ളവരെ ബാധിക്കാറുണ്ടോ? അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഒഴിച്ചാല്‍ ഒരാളുടെ അഹങ്കാരം അയാളെ അല്ലാതെ മറ്റാരെയും ഉപദ്രവിക്കാറില്ല. 'pride goes before a fall' എന്ന ആംഗല പഴഞ്ചൊല്ല് അഹങ്കാരിയുടെ 'fall' നെ പറ്റിയാണ് പറയുന്നത്. അങ്ങനെയെങ്കില്‍ സമൂഹം എന്തിനാണ് അവനെ വെറുക്കുന്നത്? അവനോട് സഹതാപമല്ലേ കാണിക്കേണ്ടത്? സത്യത്തില്‍ നാം ഒരു അഹങ്കാരിയെ വെറുക്കുന്നത് അവന്‍ അഹങ്കാരിയായതുകൊണ്ടല്ല. മറിച്ച് അവന്റെ അഹങ്കാരത്തെ നാം നമ്മുടെ അഹങ്കാരത്തോടുള്ള വെല്ലുവിളിയായി കാണുന്നത് കൊണ്ടാണ്. അവനോടു തോന്നുന്ന ഈര്‍ഷ്യ, അഹങ്കാരം എന്ന ദുര്‍ഗുണത്തോട് നമ്മിലെ സദ്ഗുണം കാണിക്കുന്ന പ്രതികരണം അല്ല. മറിച്ച് അവനിലെയും നമ്മിലെയും അഹങ്കാരങ്ങള്‍ തമ്മിലുള്ള വികര്‍ഷണം ആണത്. ഞാന്‍ എത്രത്തോളം അഹങ്കാരിയാണോ, അത്രത്തോളം മറ്റുള്ളവരിലെ അഹങ്കാരത്തെ ഞാന്‍ വെറുക്കും. നമ്മുടെ ഭൂരിഭാഗം പ്രശ്നങ്ങളുടെയും ഉറവിടം നമ്മില്‍ ഓരോരുത്തരിലും ഉള്ള 'ഞാന്‍' എന്ന ബോധം തന്നെയാണ്. പക്ഷെ ഈ 'ഞാന്‍' എന്ന ബോധം ഞാന്‍ മാത്രമുള്ളപ്പോള്‍ ഉണ്ടാവില്ല എന്നതാണ് മറ്റൊരു വിരോധാഭാസം! ഒറ്റയ്ക്കിരിക്കുമ്പോള്‍ ഞാന്‍ നല്ലവനോ ചീത്തയോ അഹങ്കാരിയോ വിനയശീലനോ ഒന്നുമല്ല. മറ്റൊരാളുടെ സാനിധ്യത്തില്‍ എന്നില്‍ 'ഞാന്‍' എന്ന ബോധം ഉടലെടുക്കും. എന്നിലെ സ്വഭാവ വിശേഷങ്ങളെ ആധാരമാക്കി ഞാന്‍ മറ്റുള്ളവരെ അളക്കാന്‍ തുടങ്ങും. അപ്പോഴാണ് നന്മ-തിന്മ വേര്‍തിരിവുകള്‍ അവിടെ ഉണ്ടാകുന്നത്. ഈ അഹംഭാവമാണ് ഒരു പരിധിവരെ നമ്മുടെ വ്യക്തിത്വം.
Subscribe to:
Post Comments (Atom)
No comments:
Post a Comment