Thursday, January 3, 2013

ഇനിയെത്ര കാലമെന്നറിയില്ല

ഇനിയെത്ര കാലമെന്നറിയില്ല,
ഇനിയെത്ര കാതമെന്നറിയില്ല
പലര്‍ പോയ വഴിയിലൂടെങ്ങോട്ടെന്നറിയാതെ
വടു വീണ പാദം വലിച്ചിഴയ്ക്കാം
നിണം വാര്‍ന്ന മുറിവിലേക്കെരിവെയില്‍ ചാലിച്ച
വേദന ലഹരിയായ് ആസ്വദിക്കാം
കാലം ഉണക്കാത്ത കണ്ണുനീര്‍ച്ചാലുകള്‍
ഉയിരിന്നുറവപോല്‍ കാത്തുവെക്കാം
ചീറിയടുക്കും കരിങ്കല്‍ചീളുകള്‍
വിരിമാറിലാദ്യന്തമേറ്റുവാങ്ങാം
വയ്യ, തടുക്കുവാനാവതില്ല
ഓടിയൊളിക്കുവാനറിവുമില്ല
മുന്നിലോ പിന്നിലോ ആരുമില്ല
കൂടെനടക്കുവാനാളുമില്ല
ഏകനാണേകനാണന്നുമിന്നും
ഏകാന്തമൂകമാണീയരങ്ങ്

പലര്‍ പോയ വഴിയിലൂടെങ്ങോട്ടെന്നറിയാതെ
വീണ്ടും, വടു വീണ പാദം വലിച്ചിഴയ്ക്കാം

ഇനിയെത്ര കാലമെന്നറിയില്ല,
ഇനിയെത്ര കാതമെന്നറിയില്ല

No comments:

Post a Comment