എവിടെയോ ആര്‍ക്കോ പിഴച്ചിരിക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും... ഇനിയും എത്രയോ കാതങ്ങള്‍ മുന്നിലേക്ക് നീണ്ടു കിടക്കുന്ന ഭാവിയുടെ അനിശ്ചിതമായ ചതുപ്പുനിലം... പിച്ചവെക്കാന്‍ പഠിച്ചു എന്ന ആത്മവിശ്വാസം പോലും കൈമുതലായി ഇല്ലാതെ ആ ചതുപ്പില്‍ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുകയാണ് ഞാന്‍. അവിടെ മണിമാളികകള്‍ പണിതുയര്‍ത്താനുള്ള പദ്ധതികള്‍ തയാറാക്കാന്‍ ആവശ്യപ്പെടുകയാണ് എല്ലാവരും. ഒഴുകലിലും ഒഴുക്കലിലും എനിക്കുകൂടി പങ്കുള്ള കണ്ണീര്‍ മഴയ്ക്ക് അകമ്പടി നല്‍കുന്ന വിദ്യുത് സീല്‍ക്കാരത്തില്‍ ചെവിപൊത്തി, ആ ജലനൂലുകള്‍ അവ്യക്തമാക്കിയ വിദൂരതയില്‍ എവിടെ നിന്നോ വരുന്ന ഞാന്‍ കേള്‍ക്കേണ്ട ആ ദീന രോദനത്തിന് പുറം തിരിഞ്ഞു നില്‍ക്കട്ടെ ഞാന്‍. പണ്ടേ ചുവടു പിഴച്ചു പോയെങ്കിലും മനസ്സ് ഇന്നും തളരാതെ തുടരുകയാണ് താണ്ഡവം. ഇനിയും കെട്ടിച്ചമയം അണിഞ്ഞുള്ള അഭിനയമത്സരം അവസാനിക്കുമ്പോള്‍ രംഗം ഏതെന്നോ കാണികള്‍ ഏതെന്നോ, രംഗമോ കാണികളോ ഉണ്ടോ എന്നുപോലുമോ അറിയാതെ അഭിനയം അവസാനിപ്പിക്കേണ്ടി വരുന്ന ദുര്യോഗം വീണ്ടും നേരിട്ടേക്കാം. ജനിച്ചുവെന്ന എന്റെ കുറ്റത്തിന് ജീവിക്കുന്നു എന്നതാകട്ടെ ശിക്ഷ.
No comments:
Post a Comment