Sunday, October 31, 2010

അഹങ്കാരിയായ മരം

ഒരിടത്ത് ഒരു വന്‍ വൃക്ഷമുണ്ടായിരുന്നു. ആകാശത്തെ മുട്ടി ഉരുമ്മുന്ന ഇലചാര്‍ത്തുകളും അതിനെ ഉയര്‍ത്തി നിര്‍ത്തുന്ന ബലിഷ്ടമായ ശിഖരങ്ങളും ഒക്കെയായി അത് അങ്ങനെ തലയുയര്‍ത്തി നിന്നു. പക്ഷെ ആ മരം ആരുമായും അടുപ്പം കാണിച്ചിരുന്നില്ല. സമീപത്തുള്ള മറ്റു മരങ്ങളോട് അത് സംസാരിക്കുമായിരുന്നില്ല. അവന്റെ ശിഖരത്തില്‍ കൂട് കൂട്ടാന്‍ വന്ന കിളികളെയും അത് അടുപ്പിച്ചില്ല. അത് നിശബ്ദനായി ഗൌരവത്തോടെ നിന്നതേയുള്ളൂ. മറ്റുള്ളവര്‍ അതുകൊണ്ടുതന്നെ ആ മരത്തെ അഹങ്കാരിയായി കരുതിപ്പോന്നു.
ഒരിക്കല്‍ അവിടെ ഒരു കൊടുംകാറ്റ് വീശി. സമീപത്തെ മറ്റു മരങ്ങളൊക്കെ അത് പിടിച്ചു നിന്നെങ്കിലും നമ്മുടെ ഭീമന്‍ വൃക്ഷം ഭയാനകമായ ശബ്ദത്തോടെ കടപുഴകി വീണു. മറ്റുള്ളവര്‍ അത്ഭുതപ്പെട്ടുപോയി. പിന്നീടാണ് അവര്‍ അത് ശ്രദ്ധിച്ചത്; അതിന്റെ വേരുകളില്‍ വല്ലാതെ കാന്‍സര്‍ ബാധിച്ചിരുന്നു. മുകളില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴും താഴെ തന്റെ അടിവേരുകളെ രോഗം കാര്‍ന്നു തിന്നുന്നത് ആ മരം ആരെയും അറിയിച്ചില്ല. നിശ്ശബ്ദനായി തന്റെ ചുവട്ടിലെ പുല്‍ക്കൊടികള്‍ക്ക് തണല്‍ നല്‍കിയും ചുറ്റുപാടുകള്‍ക്ക് കുളിര്‍മ നല്‍കിയും നിന്ന അത് ആരെയും അറിയിക്കാതെ കടപുഴകിവീണു.

No comments:

Post a Comment